ദുബായ് ,നവംബർ 12,2026: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പരസ്യങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമായ എ.ഐ മാർക്കറ്റിങ് ഹബ് അവതരിപ്പിച്ച് ഇത്തിസലാത്ത് യു.എ.ഇ. ഒരു പ്ലാറ്റ്ഫോമിലൂടെ തന്നെ ഡിജിറ്റൽ പരസ്യങ്ങൾ ആസൂത്രണം ചെയ്യാനും തയ്യാറാക്കാനും പ്രചരിപ്പിക്കാനും അവയുടെ പ്രകടനം വിലയിരുത്തി മെച്ചപ്പെടുത്താനും കഴിയുന്ന സംവിധാനമാണിത്.
എ.ഐ അധിഷ്ഠിത പരസ്യ സാങ്കേതികവിദ്യാ കമ്പനിയായ പിക്സിസുമായി സഹകരിച്ചാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്തൽ, പരസ്യങ്ങൾക്കായുള്ള ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കൽ, പരസ്യപ്രചാരണങ്ങൾ നിയന്ത്രിക്കൽ, പ്രകടനം മെച്ചപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വന്തമായി മാർക്കറ്റിങ് ഏജൻസിയോ വിദഗ്ധരായ ജീവനക്കാരോ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
എ.ഐ അധിഷ്ഠിത പ്രവർത്തനരീതിയിലൂടെ ഓരോ സ്ഥാപനത്തിന്റെയും ലക്ഷ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ പരസ്യ തന്ത്രങ്ങളും പദ്ധതികളും പ്ലാറ്റ്ഫോം തയ്യാറാക്കും. കൂടാതെ, എ.ഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള പരസ്യ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും കഴിയും. ഗൂഗിൾ ആഡ്സ്, മെറ്റ, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യങ്ങൾ പ്രചരിപ്പിക്കാനും സൗകര്യമുണ്ട്.
പരസ്യങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ അവയുടെ പ്രകടനം തുടർച്ചയായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും. തത്സമയ റിപ്പോർട്ടുകളും വിശകലന വിവരങ്ങളും ലഭ്യമാക്കുന്നതിലൂടെ സ്ഥാപനങ്ങൾക്ക് കൂടുതൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനും കഴിയും.
ഇത്തിസലാത്ത് യു.എ.ഇയുടെ എസ്.എം.ബി വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഈസാം മഹ്മൂദ് പറഞ്ഞു: “ഡിജിറ്റൽ മേഖലയിൽ മത്സരിക്കാൻ ആവശ്യമായ സമയവും വിഭവങ്ങളും വിദഗ്ധരുടെ പിന്തുണയും കണ്ടെത്തുന്നതാണ് പല ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ എല്ലാ ഘട്ടങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യം മാറ്റാനാണ് എ.ഐ മാർക്കറ്റിങ് ഹബ് ലക്ഷ്യമിടുന്നത്. എ.ഐ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും വിപണന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ബജറ്റ് കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇതിലൂടെ സ്ഥാപനങ്ങൾക്ക് സാധിക്കും.”
എ.ഐ മാർക്കറ്റിങ് ഹബിന്റെ സാങ്കേതിക പങ്കാളിയാണ് പിക്സിസ്. പ്ലാറ്റ്ഫോമിന്റെ ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ് സാങ്കേതികവിദ്യകൾ ഒരുക്കിയത് പിക്സിസാണ്. ഇത്തിസലാത്ത് യു.എ.ഇയുടെ ബിസിനസ് ഉപഭോക്താക്കൾക്കായി മാത്രമാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
പിക്സിസ് സ്ഥാപകനും ചീഫ് ബിസിനസ് ഓഫീസറുമായ ഹരി വലിയത്ത് പറഞ്ഞു: “ഉള്ളടക്കം തയ്യാറാക്കുന്നതിലോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല ഏജന്റിക് എ.ഐയുടെ സാധ്യത. ആശയങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റാൻ സ്ഥാപനങ്ങളെ സഹായിക്കുകയെന്നതാണ് അതിന്റെ പ്രധാന നേട്ടം. മാർക്കറ്റിങ് തന്ത്രം രൂപപ്പെടുത്തുന്നതു മുതൽ പരസ്യങ്ങൾ നടപ്പാക്കുന്നതും അവയുടെ പ്രകടനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതും വരെ ഒരൊറ്റ സംവിധാനത്തിലൂടെ സാധ്യമാക്കുകയാണ് ഈ പ്ലാറ്റ്ഫോം. വലിയ സ്ഥാപനങ്ങൾക്ക് മാത്രം ലഭ്യമായിരുന്ന വേഗതയും കൃത്യമായ ആസൂത്രണവും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളെടുക്കാനുള്ള സൗകര്യവും യു.എ.ഇയിലെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും ഇതിലൂടെ ലഭിക്കും.”
യു.എ.ഇയിലെ വളർന്നുവരുന്ന ചെറുകിട-ഇടത്തരം ബിസിനസ് മേഖലയിലെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (GDP) 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ്. രാജ്യത്താകെ ഈ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളുടെ പേരിൽ ഒരു ദശലക്ഷത്തിലധികം സജീവ ബിസിനസ് ലൈസൻസുകളുമുണ്ട്.
മാസ്റ്റർകാർഡിന്റെ 2026ലെ എസ്.എം.ഇ കോൺഫിഡൻസ് ഇൻഡക്സ് പ്രകാരം, യു.എ.ഇയിലെ 35 ശതമാനം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്ന മേഖലകളിലൊന്നായി മാർക്കറ്റിങ്, പ്രമോഷൻ പിന്തുണകളെയാണ് കാണുന്നത്.
വലിയ കമ്പനികൾക്കും മാർക്കറ്റിങ് ഏജൻസികൾക്കും മാത്രം ലഭ്യമായിരുന്ന നൂതന പരസ്യ സംവിധാനങ്ങൾ ചെറിയ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് എ.ഐ മാർക്കറ്റിങ് ഹബ്. ഒന്നിലധികം ടൂളുകളും സംവിധാനങ്ങളും ഉപയോഗിക്കാതെ തന്നെ പരസ്യങ്ങൾ ആസൂത്രണം ചെയ്യുന്നതു മുതൽ നടപ്പാക്കുന്നതുവരെയുള്ള കാര്യങ്ങൾ ഒരിടത്ത് പൂർത്തിയാക്കാം. തുടർച്ചയായ പ്രകടന വിലയിരുത്തലും മെച്ചപ്പെടുത്തലും മാനുവലായി ഇടപെടേണ്ട ആവശ്യകത കുറയ്ക്കുകയും ചെയ്യും.
വിവിധ ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാകും. സ്ഥാപനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കാനും ബിസിനസ് വളരുന്നതിനനുസരിച്ച് ഉപയോഗം വിപുലീകരിക്കാനും ഇതിലൂടെ സാധിക്കും.
ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കായി ഇത്തിസലാത്ത് യു.എ.ഇ ഒരുക്കുന്ന എ.ഐ അധിഷ്ഠിത സേവനങ്ങളുടെ ശേഖരത്തിലേക്ക് പുതിയ പ്ലാറ്റ്ഫോം കൂടി എത്തിയിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രായോഗികമായും എളുപ്പത്തിലും സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ ബിസിനസ് മേഖലകളുടെ ഡിജിറ്റൽ ശേഷിയും മത്സരക്ഷമതയും വർധിപ്പിക്കാനുള്ള യു.എ.ഇയുടെ ഏജന്റിക് എ.ഐ മുന്നേറ്റങ്ങൾക്കും ഈ പദ്ധതി പിന്തുണ നൽകുന്നു.
