അബുദാബി,നവംബർ 13,2026: അൽ ദഫ്റ ഫെസ്റ്റിവലിന്റെ 20-ാമത് പതിപ്പിന്റെ രണ്ടാം ഘട്ടമായ റസീൻ ഒട്ടക സൗന്ദര്യമത്സരം നവംബർ 15 മുതൽ 22 വരെ അബുദാബിയിൽ നടക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റസീൻ ഒട്ടക സൗന്ദര്യമത്സര വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
82 മത്സര റൗണ്ടുകളിലായി 775 പുരസ്കാരങ്ങളാണ് ഇത്തവണ നൽകുന്നത്. ആകെ 99.5 ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. നാല് പ്രധാന വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ലോക്കൽ അസായിൽ വിഭാഗത്തിൽ 38 റൗണ്ടുകളും മഹാജിം വിഭാഗത്തിൽ 32 റൗണ്ടുകളും ക്രോസ്ബ്രീഡ് അസായിൽ വിഭാഗത്തിൽ ഒൻപത് റൗണ്ടുകളും വാധ് വിഭാഗത്തിൽ മൂന്ന് റൗണ്ടുകളുമുണ്ടാകും.
ക്രോസ്ബ്രീഡ് അസായിൽ വിഭാഗത്തിൽ മഫാരീദ്, ഹഖായിഖ്, ലഖായ വിഭാഗങ്ങളിലായി മൂന്ന് പുതിയ മത്സര റൗണ്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ പ്രായവിഭാഗങ്ങളിൽ വാധ് വിഭാഗത്തിലും മൂന്ന് പുതിയ റൗണ്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.
അൽ ദഫ്റ ഫെസ്റ്റിവലിന്റെ ആദ്യഘട്ടമായ സ്വൈഹാൻ ഒട്ടക സൗന്ദര്യമത്സരം ഒക്ടോബർ 27 മുതൽ നവംബർ 3 വരെ അൽ ഐൻ മേഖലയിൽ നടന്നു. 82 റൗണ്ടുകളിലായി 99.5 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
റസീൻ ഘട്ടത്തിന് ശേഷം ഡിസംബർ 3 മുതൽ 10 വരെ മദീനത്ത് സായിദിലാണ് മൂന്നാം ഘട്ടം നടക്കുക. 88 റൗണ്ടുകളിലായി 1.073 കോടി ദിർഹത്തിന്റെ സമ്മാനത്തുകയാണ് ഈ ഘട്ടത്തിൽ നൽകുന്നത്.
നാലാം ഘട്ടമായ ക്യാഷ് പ്രൈസ് റൗണ്ടുകൾ ഡിസംബർ 12 മുതൽ 19 വരെ നടക്കും. 66 റൗണ്ടുകളിലായി 2.056 കോടി ദിർഹമാണ് സമ്മാനമായി നൽകുന്നത്.
അഞ്ചാമത്തെയും അവസാനത്തെയും ഘട്ടമായ റമൂസ് റൗണ്ടുകൾ 2027 ജനുവരി 3 മുതൽ 12 വരെ നടക്കും. 65 റൗണ്ടുകളിലായി 4.677 കോടി ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ച് ഘട്ടങ്ങളിലുമായി ആകെ 383 മത്സര റൗണ്ടുകളും 9.724 കോടി ദിർഹത്തിന്റെ സമ്മാനത്തുകയുമാണ് 20-ാമത് അൽ ദഫ്റ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് ഔദ്യോഗിക ‘ഫലക് അൽ നാമൂസ്’ സ്മാർട്ട് ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. ഇതിലൂടെ മത്സരാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് നേടാനും പങ്കെടുക്കേണ്ട മത്സര റൗണ്ടുകൾ തിരഞ്ഞെടുക്കാനും സാധിക്കും.
മത്സരവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പുതിയ വാർത്തകൾ, ഔദ്യോഗിക കൈപ്പുസ്തകം എന്നിവയും ആപ്പിൽ ലഭ്യമാകും. മത്സരത്തിന്റെ നിബന്ധനകൾ, മാർഗനിർദേശങ്ങൾ, സമ്മാനത്തുകയുടെ വിശദാംശങ്ങൾ, ഒട്ടകങ്ങളെ മത്സരത്തിന് പ്രവേശിപ്പിക്കുന്ന സമയക്രമം എന്നിവ കൈപ്പുസ്തകത്തിലുണ്ട്. വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും ഒട്ടക സൗന്ദര്യമത്സരങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കാനും അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന മറ്റ് പൈതൃകോത്സവങ്ങളെക്കുറിച്ച് അറിയാനും ആപ്പ് സഹായിക്കും.
