ദുബായ്, നവംബർ 18, 2026: ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ദുബായ് മുനിസിപ്പാലിറ്റി ഏഴ് ധാരണാപത്രങ്ങളിലും സഹകരണ കരാറുകളിലും ഒപ്പുവെച്ചു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുക, ഭക്ഷണം പാഴാകുന്നത് കുറയ്ക്കുക, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടാൻ എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം.
നവംബർ 16 മുതൽ 18 വരെ ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച 20-ാമത് ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിലാണ് കരാറുകൾ ഒപ്പുവെച്ചത്. 70 രാജ്യങ്ങളിൽനിന്നായി വിദഗ്ധരും പ്രഭാഷകരുമടക്കം 3,400ലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂളുകളിൽ സുരക്ഷിത ഭക്ഷണശീലങ്ങൾ വളർത്താൻ പുതിയ പ്ലാറ്റ്ഫോം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) മുനിസിപ്പാലിറ്റി ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭക്ഷണ വിതരണക്കാർക്കും ഉപയോഗിക്കാവുന്ന ഇന്ററാക്ടീവ് പ്ലാറ്റ്ഫോം സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കും. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും പഠിക്കുന്ന കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാനും ഇത് സഹായിക്കും.
ജെംസ് എജ്യുക്കേഷനും സ്ലൈസസ് കാറ്ററിങ് സർവീസസുമായി ചേർന്ന് ഭക്ഷണം, പോഷകാഹാരം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ വികസിപ്പിക്കും. വിദ്യാർഥികൾക്കുള്ള പരിശീലനവും ഭക്ഷണം പാഴാകുന്നത് കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.
ലാബ് പരിശോധനയും ഗവേഷണവും ശക്തമാക്കും
എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ്ങുമായുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ദുബായ് സെൻട്രൽ ലബോറട്ടറി പരിശോധന, കാലിബ്രേഷൻ സേവനങ്ങൾ നൽകും. വിമാനങ്ങളിലെ ഭക്ഷണവിതരണത്തിലും പ്രാദേശിക കാറ്ററിങ് മേഖലയിലും ഗുണനിലവാരം മെച്ചപ്പെടുത്താനും സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സംയുക്ത ഗവേഷണവും പ്രത്യേക റെഗുലേറ്ററി സേവനങ്ങളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാർജ സർവകലാശാലയുമായുള്ള സഹകരണം ഉൽപ്പന്ന പരിശോധന, ഗവേഷണം, സാങ്കേതിക ഉപദേശം എന്നിവയിൽ കേന്ദ്രീകരിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അവലോകനം ചെയ്ത് പുതുക്കുന്നതിലും ഭക്ഷ്യസുരക്ഷാ നിരീക്ഷണത്തിന് പുതിയ ശാസ്ത്രീയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലും ഇരുസ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ എഐ സഹായം
എസ്എഫ്എസ് ടെക്നോളജീസ് ലിമിറ്റഡുമായുള്ള കരാറിലൂടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണ ശൃംഖലയിൽ എവിടെയൊക്കെ എത്തിയെന്ന് തിരിച്ചറിയാനും സുരക്ഷാ പ്രശ്നമുണ്ടായാൽ അവ വേഗത്തിൽ തിരിച്ചുവിളിക്കാനും എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
എഡിഎൻഎച്ച് കാറ്ററിങ്ങുമായി ധാരണാപത്രവും എമിറേറ്റ്സ് ബുസ്താനിക്കയുമായി പങ്കാളിത്തവും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഉത്തരവാദിത്തമുള്ള ഭക്ഷ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക പരിഹാരങ്ങൾ, പരിശീലന പരിപാടികൾ, ബോധവത്കരണ ക്യാംപെയ്നുകൾ എന്നിവയാണ് ഈ സഹകരണങ്ങളുടെ ലക്ഷ്യം.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ വിതരണ ശൃംഖലയുടെ കാര്യക്ഷമതയും തടസ്സങ്ങളെ നേരിടാനുള്ള ശേഷിയും വർധിപ്പിക്കുന്നതിനുമാണ് മുൻഗണനയെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റഫീ പറഞ്ഞു. ഗവേഷണവും എഐയും പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും വേഗത്തിൽ നടപടിയെടുക്കാനുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
