ദുബായ്, നവംബർ 18, 2026: പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബായ് ജിഡിആർഎഫ്എയുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാല് രാജ്യാന്തര പ്രൊഫഷണൽ അംഗത്വങ്ങൾ നേടി. ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഫോർ മെഷർമെന്റ് ആൻഡ് ഇവാല്യുവേഷൻ ഓഫ് കമ്മ്യൂണിക്കേഷനിൽ (അമെക്) പൂർണ അംഗത്വം നേടുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമാണ് ദുബായ് ജിഡിആർഎഫ്എ.
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് റിലേഷൻസ് (സിഐപിആർ), പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (പിആർസിഎ), ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്കറ്റിങ് (സിഐഎം) എന്നിവയിലാണ് മറ്റ് മൂന്ന് അംഗത്വങ്ങൾ. പബ്ലിക് റിലേഷൻസിലെ പ്രൊഫഷണൽ, ധാർമിക മാനദണ്ഡങ്ങൾ പാലിക്കാനും സ്ഥാപനത്തിന്റെ പൊതുപ്രതിച്ഛായ കൈകാര്യം ചെയ്യാനും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്യാംപെയ്നുകൾ ആസൂത്രണം ചെയ്യാനും രാജ്യാന്തര വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. ആശയവിനിമയം ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള രീതികൾ അമെക് അംഗത്വത്തിലൂടെ ലഭ്യമാകും. രാജ്യാന്തര വിദഗ്ധരുമായി അനുഭവങ്ങൾ പങ്കുവെക്കാനും സ്വദേശികളായ ജീവനക്കാരുടെ പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാനും അംഗത്വങ്ങൾ അവസരമൊരുക്കും.
സേവനങ്ങളും അപേക്ഷാ നടപടികളും കൂടുതൽ വ്യക്തമായി അറിയാം
സേവനത്തിന് അപേക്ഷിക്കുന്നതിന് മുമ്പുതന്നെ, ലഭ്യമായ സേവനങ്ങളും അവയുടെ നിബന്ധനകളും അന്വേഷിക്കുന്ന ഘട്ടത്തിലാണ് ഉപഭോക്താവിന്റെ അനുഭവം തുടങ്ങുന്നതെന്ന് ജിഡിആർഎഫ്എയുടെ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നത് സേവനങ്ങൾ ഉപയോഗിക്കാൻ എളുപ്പമാക്കുമെന്നും സ്ഥാപനത്തിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും അനുയോജ്യമായ സേവനം തിരഞ്ഞെടുക്കാനും അപേക്ഷാ നടപടികൾ മനസ്സിലാക്കാനും ജനങ്ങളെ സഹായിക്കുന്ന ഉള്ളടക്കം തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഡോ. നജ്ല ഒമർ അൽ ദൂഖി പറഞ്ഞു. വിവരങ്ങൾ എത്ര പേരിലെത്തി എന്നതിനൊപ്പം അവ എത്രത്തോളം പ്രയോജനപ്പെട്ടു, ഏതൊക്കെ കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു, ജനങ്ങളുടെ പ്രതികരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവയും വിലയിരുത്തും.
വിവിധ ഭാഷാ, സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ തയ്യാറാക്കി അവർക്ക് സൗകര്യപ്രദമായ മാർഗങ്ങളിലൂടെ എത്തിക്കാനാണ് ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പരിഗണിച്ച് സേവനവിവരങ്ങളും മാർഗനിർദേശങ്ങളും മെച്ചപ്പെടുത്തും.
