ദുബായ്, നവംബർ 18, 2026: ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ‘ദീപാവലി ഗോൾഡ് റഷ്’ ക്യാംപെയ്നിൽ ആറ് വിജയികൾക്കായി ആകെ ഒരു കിലോ സ്വർണം സമ്മാനമായി നൽകി. ഒക്ടോബർ 24 മുതൽ നവംബർ 12 വരെ നടന്ന ക്യാംപെയ്നിൽ ദുബായിലെ 175ലധികം ജ്വല്ലറി ഔട്ട്ലെറ്റുകൾ പങ്കെടുത്തു.
ഗ്രാൻഡ് നറുക്കെടുപ്പിലെ വിജയിക്ക് അരക്കിലോ സ്വർണം
നവംബർ 16ന് നടന്ന ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് 500 ഗ്രാം സ്വർണം ലഭിച്ചു. നവംബർ 9ന് നടന്ന ധൻതേരസ് നറുക്കെടുപ്പിൽ അഞ്ച് വിജയികൾക്ക് 100 ഗ്രാം വീതം സ്വർണം സമ്മാനമായി നൽകി.
ക്യാംപെയ്നിൽ പങ്കെടുത്ത ജ്വല്ലറികളിൽ ആഭരണങ്ങൾക്കായി ചെലവഴിച്ച ഓരോ 1,500 ദിർഹത്തിനും നറുക്കെടുപ്പിൽ ഒരു എൻട്രി ലഭിച്ചിരുന്നു. ക്യാംപെയ്നിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഉപഭോക്താക്കൾ നറുക്കെടുപ്പിൽ പങ്കെടുത്തത്. ധൻതേരസിന് മുമ്പ് ആഭരണം വാങ്ങിയവർക്ക് ഇരട്ടി എൻട്രികൾ ലഭിച്ചു.
പണിക്കൂലിയിൽ 25 മുതൽ 50 ശതമാനം വരെ ഇളവ്
നറുക്കെടുപ്പിനൊപ്പം പണിക്കൂലിയിൽ 25 മുതൽ 50 ശതമാനം വരെ ഇളവും തിരഞ്ഞെടുത്ത ഡയമണ്ട്, പോൾക്കി ആഭരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവും പങ്കെടുത്ത ജ്വല്ലറികൾ നൽകിയിരുന്നു. ആഭരണം വാങ്ങുമ്പോൾ സൗജന്യ സമ്മാനവും പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ മൂല്യത്തിൽ കുറവ് വരുത്താത്ത എക്സ്ചേഞ്ച് ഓഫറും ക്യാംപെയ്നിന്റെ ഭാഗമായിരുന്നു.
ആറ് വിജയികളെയും അഭിനന്ദിച്ച ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുല്ല, ദീപാവലി ആഘോഷത്തിനായി ദുബായിൽനിന്ന് ആഭരണങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചു. ക്യാംപെയ്നിൽ പങ്കെടുത്ത ജ്വല്ലറികൾക്ക് ഗ്രൂപ്പിന്റെ മാർക്കറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല സുഹൈലും നന്ദി അറിയിച്ചു.
