ദുബായ് ,നവംബർ 16,2026: ‘എജ്യുക്കേറ്റ് ടു എംപവർ’ എന്ന പ്രമേയത്തിൽ 115 രാജ്യങ്ങളിൽ നിന്നുള്ള 115 വനിതാ കലാകാരികളെ ഒരുമിപ്പിച്ച് ‘ആർട്ട് കണക്ട്സ് വിമൺ’ (ACW) പ്രദർശനത്തിന്റെ ഒൻപതാം പതിപ്പ് ദുബായിലെ ഡി.ഐ.എഫ്.സി ഗേറ്റ് വില്ലേജിൽ തിരിച്ചെത്തി. യുനെസ്കോയുടെ രക്ഷാകർതൃത്വത്തിൽ സീആർട്സ് ഗാലറി, ദുബായ് കൾച്ചർ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 15ന് സമാപിക്കുന്ന 2026ലെ പതിപ്പിൽ കലാരംഗത്തെ നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സ്വാധീനത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
നവംബർ 13ന് നടന്ന ഏകദിന സമ്മേളനമായ ‘കൾച്ചറൽ ഇൻവെസ്റ്റ്മെന്റ്: ആർട്സ് ന്യൂ എറ ഇൻ സസ്റ്റെയിനബിൾ ഫിനാൻസ് ആൻഡ് എ.ഐ’യിൽ കലാരംഗത്തെ പുതിയ സാമ്പത്തിക മാതൃകകൾ, എ.ഐയുടെ വളർച്ച, വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം എന്നിവ സാംസ്കാരിക സ്ഥാപനങ്ങളിലും കലാ സമ്പദ്വ്യവസ്ഥയിലും സൃഷ്ടിക്കുന്ന മാറ്റങ്ങൾ ചർച്ച ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർപേഴ്സൺ ഷെയ്ഖ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും തമ്മിലുള്ള ബന്ധം, കലാ-മാനവിക ചരിത്രത്തിൽ സ്ത്രീകളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകേണ്ടതിന്റെ പ്രാധാന്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സർഗാത്മകത നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസം സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങരുതെന്നും സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധം വളർത്തുകയും കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരം നൽകുകയും കലാസ്ഥാപനങ്ങളിലും വിപണികളിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയും വേണമെന്നും അവർ പറഞ്ഞു. ഒരു കലാസൃഷ്ടിയുടെ പിന്നിലുള്ള വനിതയെ പേരോടെ അംഗീകരിക്കുന്നതിലാണ് സർഗാത്മകതയ്ക്കുള്ള അംഗീകാരം തുടങ്ങുന്നതെന്നും ആ പേരിന് അർഹമായ സ്ഥാനവും പരിഗണനയും ലഭിക്കുമ്പോഴാണ് അത് പൂർണമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
