ദുബായ്, നവംബർ 9, 2026: ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും വിധികൾ ബന്ധപ്പെട്ട ആസ്തികളിൽ നേരിട്ട് നടപ്പാക്കാനുമായി ആഗോള ചട്ടക്കൂട് നിർദേശിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികൾ വൈറ്റ് പേപ്പർ പുറത്തിറക്കി. ‘ദി ഡിസ്പ്യൂട്ട് റെസല്യൂഷൻ ഒറാക്കിൾ: ഫൗണ്ടേഷൻസ് ഓഫ് എ ഡിസെൻട്രലൈസ്ഡ് ജൂറിസ്ഡിക്ഷൻ’ എന്ന വൈറ്റ് പേപ്പറിലാണ് നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ആസ്തിയുടെ ഉടമസ്ഥാവകാശം ആർക്കാണെന്നും സ്മാർട്ട് കോൺട്രാക്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് ആരാണ് അർഹനെന്നും കോടതികൾക്ക് തീരുമാനിക്കാനാകും. എന്നാൽ ഈ വിധി ബ്ലോക്ക്ചെയിനിൽ നേരിട്ട് നടപ്പാക്കാൻ വിശ്വസനീയമായ സംവിധാനമില്ലെന്ന പ്രശ്നത്തിനാണ് ‘ഡിസ്പ്യൂട്ട് റെസല്യൂഷൻ ഒറാക്കിൾ’ പരിഹാരം നിർദേശിക്കുന്നത്.
തർക്കപരിഹാരത്തിന് മുൻകൂട്ടി ധാരണ നിർദേശിച്ച സംവിധാനത്തിലെ പങ്കാളിത്തം സ്വമേധയായിരിക്കും. തർക്കമുണ്ടായാൽ ഏത് കോടതിയോ യോഗ്യതയുള്ള മറ്റൊരു തർക്കപരിഹാര വേദിയോ വിഷയം പരിഗണിക്കണമെന്ന് ഇടപാടിലെ കക്ഷികൾ മുൻകൂട്ടി സമ്മതിക്കണം. സ്മാർട്ട് കോൺട്രാക്ട്, എസ്ക്രോ, പ്ലാറ്റ്ഫോം തുടങ്ങിയ സംവിധാനങ്ങളിൽ ഇതിനുള്ള ക്രമീകരണം ഉൾപ്പെടുത്താം. തർക്കമുണ്ടായാൽ നിശ്ചിത സുരക്ഷാവ്യവസ്ഥകൾക്ക് വിധേയമായി ബന്ധപ്പെട്ട ആസ്തി മാത്രം മരവിപ്പിക്കും. തുടർന്ന് ബ്ലോക്ക്ചെയിനിന് പുറത്ത് തർക്കം പരിഗണിച്ച് തീരുമാനമെടുക്കും. ഈ തീരുമാനം കർശന നിയന്ത്രണങ്ങളോടെ, കമ്പ്യൂട്ടർ സംവിധാനത്തിന് വായിച്ച് നടപ്പാക്കാവുന്ന നിർദേശമായി ഡിസ്പ്യൂട്ട് റെസല്യൂഷൻ ഒറാക്കിൾ വഴി തിരിച്ചയക്കും. നിയമവും തെളിവുകളും പരിശോധിച്ചുള്ള തീരുമാനങ്ങൾ ജഡ്ജിമാർ, ആർബിട്രേറ്റർമാർ, മീഡിയേറ്റർമാർ, വിദഗ്ധർ എന്നിവരാണ് എടുക്കുക. തർക്കപരിഹാര വേദിയെ മുൻകൂട്ടി നിശ്ചയിച്ചതിന്റെ രേഖ സൂക്ഷിക്കുക, തർക്കത്തിലുള്ള ആസ്തി സംരക്ഷിക്കുക, തീരുമാനം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് സാങ്കേതികവിദ്യ ഉപയോഗിക്കുക.
ആസ്തി മരവിപ്പിക്കുന്നതിന് സുരക്ഷാവ്യവസ്ഥകൾ മരവിപ്പിക്കൽ തർക്കത്തിലുള്ള ആസ്തിയിൽ മാത്രം പരിമിതപ്പെടുത്തുക, നിയുക്ത തർക്കപരിഹാര വേദിയുടെ പ്രാരംഭ പരിശോധന ഉറപ്പാക്കുക, കാരണങ്ങൾ വ്യക്തമാക്കിയുള്ള തീരുമാനങ്ങൾ നൽകുക തുടങ്ങിയ വ്യവസ്ഥകൾ വൈറ്റ് പേപ്പർ നിർദേശിക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ പരാതിക്കാരനിൽനിന്ന് ഈടുതുക ആവശ്യപ്പെടുന്നതും പരിഗണിക്കുന്നു. കക്ഷികൾ തിരഞ്ഞെടുത്ത നടപടിക്രമത്തിന് അനുസരിച്ച് പുനഃപരിശോധനയ്ക്കും അപ്പീലിനും അവസരമുണ്ടാകും. ഡിഐഎഫ്സി കോടതികളെ അടിസ്ഥാനമാക്കിയുള്ള മാതൃകയിൽ, ഒന്നിലധികം കോടതി ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിധി നടപ്പാക്കാനുള്ള നിർദേശം പ്രവർത്തനക്ഷമമാകില്ല. ഓരോ ഉദ്യോഗസ്ഥനും പ്രത്യേകം ഡിജിറ്റൽ സൈനിങ് കീ ഉണ്ടായിരിക്കും.
ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിന് വികസിത സംവിധാനങ്ങളുണ്ടെങ്കിലും തർക്കങ്ങൾ പരിഹരിച്ച് തീരുമാനം ബന്ധപ്പെട്ട ആസ്തിയിൽ നടപ്പാക്കാൻ വിശ്വസനീയമായ മാർഗം ആവശ്യമാണെന്ന് ഡിഐഎഫ്സി കോടതികളുടെ ഡയറക്ടർ ജസ്റ്റിസ് ഒമർ അൽ മുഹൈരി പറഞ്ഞു. ഇടപാടിന് മുമ്പുതന്നെ തർക്കം എവിടെ പരിഗണിക്കുമെന്നും തീരുമാനം എങ്ങനെ നടപ്പാക്കുമെന്നും കക്ഷികൾക്ക് വ്യക്തത നൽകുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ യോഗ്യതയുള്ള കോടതികൾക്കും മറ്റു തർക്കപരിഹാര വേദികൾക്കും സ്വീകരിക്കാവുന്ന പൊതുമാനദണ്ഡം രൂപപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മുതൽ എഐ ഇടപാടുകൾ വരെ
ഡിജിറ്റൽ ആസ്തി ഒരു നിശ്ചിത സംവിധാനത്തിനുള്ളിൽ തുടരുകയും തുടക്കംമുതൽ അതിന്മേൽ ആവശ്യമായ നിയന്ത്രണം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഇടപാടുകളെയാണ് നിർദേശം ലക്ഷ്യമിടുന്നത്.
ടോക്കണൈസ് ചെയ്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ എസ്ക്രോ സംവിധാനങ്ങൾ, ബ്ലോക്ക്ചെയിനിലെ പെർഫോമൻസ് ബോണ്ടുകൾ, ടോക്കണൈസ് ചെയ്ത ഓഹരി പണയങ്ങൾ, ഡിജിറ്റൽ ആസ്തികളുടെ കസ്റ്റഡിയുമായും പ്ലാറ്റ്ഫോമുകളുമായും ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയിൽ ഈ മാതൃക ഉപയോഗിക്കാനാകും. വികേന്ദ്രീകൃത സംഘടനകളുടെ ഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ വാലറ്റുകൾ കൈകാര്യം ചെയ്യുകയും അനുവദിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടുകളിൽ ഒപ്പിടുകയും ചെയ്യുന്ന സ്വയംപ്രവർത്തിക്കുന്ന എഐ ഏജന്റുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വൈറ്റ് പേപ്പർ പരിശോധിക്കുന്നു.
അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കൽ
ഡിഐഎഫ്സിയെയാണ് മാതൃക നടപ്പാക്കാനുള്ള അടിസ്ഥാനമായി നിർദേശിച്ചിരിക്കുന്നത്. ഇവിടത്തെ നിയമസംവിധാനം ഡിജിറ്റൽ ആസ്തികളെ സ്വത്തായി അംഗീകരിക്കുന്നു. കക്ഷികളുടെ പരസ്പര സമ്മതപ്രകാരം 2011 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തർക്കങ്ങൾ ഡിഐഎഫ്സി കോടതികൾക്ക് പരിഗണിക്കാം. സങ്കീർണമായ സാങ്കേതിക തർക്കങ്ങൾക്കായി പ്രത്യേക ഡിജിറ്റൽ ഇക്കോണമി കോടതിയുമുണ്ട്. ഒരു പ്രത്യേക സാങ്കേതിക സേവനദാതാവിനെ ആശ്രയിക്കാത്ത രീതിയിലാണ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള കോടതികൾ, ആർബിട്രേഷൻ ട്രൈബ്യൂണലുകൾ, മീഡിയേറ്റർമാർ, വിദഗ്ധർ എന്നിവരുടെ പൊതുരജിസ്റ്ററും നിർദേശത്തിലുണ്ട്. കക്ഷികൾ മുൻകൂട്ടി തിരഞ്ഞെടുത്ത വേദിയുടെ തീരുമാനങ്ങൾ ഈ സംവിധാനത്തിലൂടെ നടപ്പാക്കാനാകും. ആശയത്തിന്റെ പ്രായോഗികത വിലയിരുത്തലും രാജ്യാന്തര ചർച്ചകളും, ടെസ്റ്റ് നെറ്റ്വർക്കിലെ നിയന്ത്രിത പരീക്ഷണങ്ങൾ, പ്രവർത്തനം ആരംഭിക്കൽ, റെഗുലേറ്ററി സംവിധാനങ്ങളുമായും സ്ഥാപനങ്ങളുമായുമുള്ള ഏകോപനം, രാജ്യാന്തര വ്യാപനം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. തർക്കപരിഹാര വേദിയെ നിശ്ചയിക്കൽ, തർക്കം രേഖപ്പെടുത്തൽ, ആസ്തി മരവിപ്പിക്കൽ, ബന്ധപ്പെട്ട വേദിക്ക് കൈമാറൽ, തർക്കപരിഹാരം, തീരുമാനം നടപ്പാക്കൽ എന്നിവ ഉൾപ്പെടുന്ന മുഴുവൻ നടപടികളും പരീക്ഷിച്ച് ഉറപ്പാക്കിയശേഷമേ യഥാർഥ മൂല്യമുള്ള ആസ്തികളിൽ സംവിധാനം ഉപയോഗിക്കൂ. ഡെക്കാ4 അഡ്വൈസറിയുടെ സാങ്കേതിക ഉപദേശസഹായത്തോടെയും നിയമം, റെഗുലേറ്ററി, ബ്ലോക്ക്ചെയിൻ, പ്രൊഫഷണൽ സർവീസ് മേഖലകളിലെ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയുമാണ് ഡിഐഎഫ്സി കോടതികൾ വൈറ്റ് പേപ്പർ തയ്യാറാക്കിയത്.
