ദുബായ്, നവംബർ 19, 2026: മൊറോക്കോ, പോളണ്ട്, ബഹാമാസ് എന്നിവിടങ്ങളിലെ പൊലീസ്, സുരക്ഷാ ഏജൻസികളുമായി ദുബായ് പൊലീസ് ജനറൽ കമാൻഡ് മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദുബായിൽ നടന്ന വേൾഡ് പൊലീസ് സമ്മിറ്റിലാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രാജ്യാന്തര സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, മൊറോക്കോ നാഷണൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ അബ്ദല്ലത്തീഫ് ഹമ്മൂഷി, പോളിഷ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മാരെക് ബോറോൺ, റോയൽ ബഹാമാസ് പൊലീസ് ഫോഴ്സ് കമ്മീഷണർ ഷാന്റ എമിലി നോൾസ് എന്നിവരാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. പരിശീലനവും സാങ്കേതികവിദ്യയും സഹകരണത്തിന്റെ ഭാഗം അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പുതിയ കുറ്റകൃത്യ രീതികളെക്കുറിച്ചുള്ള വിവരങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുന്നതിലാണ് മൊറോക്കോയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണൽ സെക്യൂരിറ്റിയുമായുള്ള ധാരണ ഊന്നൽ നൽകുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പരിശീലനം, പഠനസന്ദർശനങ്ങൾ, ബന്ധപ്പെട്ട വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.
ഗതാഗതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കൈകാര്യം ചെയ്യുന്നതിൽ പോളിഷ് പൊലീസുമായി സഹകരിക്കും. കുറ്റകൃത്യങ്ങൾ തടയാനും കണ്ടെത്താനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സംയുക്ത പദ്ധതികളും നടപ്പാക്കും. പൊതുക്രമവും സുരക്ഷയും സംബന്ധിച്ച് പ്രത്യേക പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കും. റോയൽ ബഹാമാസ് പൊലീസ് ഫോഴ്സുമായുള്ള ധാരണാപത്രത്തിൽ പരിശീലനം, സാങ്കേതികവിദ്യ, അഴിമതി തടയാനുള്ള നടപടികൾ, നിയമനിർവഹണ നയങ്ങളുടെ കൈമാറ്റം എന്നിവ ഉൾപ്പെടുന്നു. ഭാവി പദ്ധതികൾക്കായി സംയുക്ത സമിതികളും പ്രവർത്തക സംഘങ്ങളും രൂപീകരിക്കും. ഭരണനടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇന്റേണൽ ഓഡിറ്റിലെ വൈദഗ്ധ്യവും പ്രവർത്തനരീതികളും ഇരു സേനകളും പങ്കുവെക്കും.പുതിയ കുറ്റകൃത്യ രീതികളെ നേരിടാനുള്ള തയ്യാറെടുപ്പും പൊലീസിന്റെ പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ ഈ സഹകരണം സഹായിക്കുമെന്ന് അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പൊലീസ് മേധാവികൾക്കും വിദഗ്ധർക്കും അനുഭവങ്ങൾ പങ്കുവെക്കാനും പൊതുസുരക്ഷയ്ക്കായി പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും വേൾഡ് പൊലീസ് സമ്മിറ്റ് അവസരമൊരുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
