ദുബായ്,ഒക്ടോബർ 30,2026: 2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ 586.4 ദശലക്ഷം ദിർഹത്തിന്റെ നികുതിക്ക് മുമ്പുള്ള അറ്റാദായം രേഖപ്പെടുത്തി ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡി.എഫ്.എം). നിക്ഷേപകരുടെ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലുമുണ്ടായ വർധനയാണ് വിപണിയുടെ സാമ്പത്തിക നേട്ടത്തിന് കരുത്തായത്. സെപ്റ്റംബർ 30ന് അവസാനിച്ച കാലയളവിലെ സംയോജിത സാമ്പത്തിക ഫലങ്ങളാണ് ഡി.എഫ്.എം പുറത്തുവിട്ടത്. ദിവസേനയുള്ള ശരാശരി വ്യാപാരമൂല്യം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം ഉയർന്ന് 883 ദശലക്ഷം ദിർഹമായി. ദിവസേനയുള്ള ശരാശരി ഇടപാടുകളുടെ എണ്ണം 26 ശതമാനം വർധിച്ച് ഏകദേശം 17,200 ആയി. ആകെ വ്യാപാരമൂല്യം 22 ശതമാനം ഉയർന്ന് 162 ബില്യൺ ദിർഹത്തിലെത്തി. 2025ലെ ആദ്യ ഒൻപത് മാസങ്ങളിൽ ഇത് 133 ബില്യൺ ദിർഹമായിരുന്നു. സെപ്റ്റംബർ അവസാനത്തോടെ വിപണിയുടെ ആകെ മൂലധനവൽക്കരണം 993 ബില്യൺ ദിർഹമായി. ഡി.എഫ്.എം ജനറൽ ഇൻഡക്സ് കാലയളവിന്റെ അവസാനം 5,960.54 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വർഷത്തിന്റെ തുടക്കം മുതൽ സൂചികയിൽ 1.4 ശതമാനം ഇടിവുണ്ടായി.
സാമ്പത്തിക ഫലങ്ങൾ
2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ ഡി.എഫ്.എമ്മിന്റെ ആകെ സംയോജിത വരുമാനം 753.2 ദശലക്ഷം ദിർഹമാണ്. 2025ലെ ഇതേ കാലയളവിൽ ഇത് 1.1 ബില്യൺ ദിർഹമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ നിക്ഷേപ വസ്തു വിറ്റതിലൂടെ ലഭിച്ച 461.9 ദശലക്ഷം ദിർഹത്തിന്റെ ഒറ്റത്തവണ വരുമാനവും ഉൾപ്പെട്ടിരുന്നു.
ഇത്തവണത്തെ വരുമാനത്തിൽ 511.2 ദശലക്ഷം ദിർഹം പ്രവർത്തന വരുമാനവും 242 ദശലക്ഷം ദിർഹം നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും മറ്റ് വരുമാനങ്ങളുമാണ്.
നികുതിക്ക് മുമ്പുള്ള അറ്റാദായം 2025ലെ 930.8 ദശലക്ഷം ദിർഹത്തിൽ നിന്ന് 586.4 ദശലക്ഷം ദിർഹമായി കുറഞ്ഞു. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനമായ ഇ.ബി.ഐ.ടി.ഡി.എ 642 ദശലക്ഷം ദിർഹമാണ്. ഇ.ബി.ഐ.ടി.ഡി.എ മാർജിൻ 85.2 ശതമാനമായി. നികുതി ഒഴികെയുള്ള ചെലവുകൾ 2025ലെ 162.6 ദശലക്ഷം ദിർഹത്തിൽ നിന്ന് 166.8 ദശലക്ഷം ദിർഹമായി ഉയർന്നു. വിപണിയുടെ അടിസ്ഥാനസൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും തുടർച്ചയായി നിക്ഷേപം നടത്തുന്നതിനൊപ്പം ചെലവുകളുടെ കാര്യക്ഷമത നിലനിർത്താനും ശ്രദ്ധിച്ചതായി അധികൃതർ വ്യക്തമാക്കി.
2026ലെ മൂന്നാം പാദത്തിൽ ആകെ സംയോജിത വരുമാനം 196.2 ദശലക്ഷം ദിർഹമായിരുന്നു. 2025ലെ ഇതേ പാദത്തിൽ ഇത് 204.5 ദശലക്ഷം ദിർഹമായിരുന്നു. നികുതിക്ക് മുമ്പുള്ള അറ്റാദായം 153.7 ദശലക്ഷം ദിർഹത്തിൽ നിന്ന് 143.2 ദശലക്ഷം ദിർഹമായി കുറഞ്ഞു.
നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചു
2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ ആകെ ഇടപാടുകളുടെ എണ്ണം 24 ശതമാനം ഉയർന്ന് 3.16 ദശലക്ഷമായി. 2025ൽ ഇത് 2.55 ദശലക്ഷമായിരുന്നു. ദിവസേനയുള്ള ശരാശരി ഇടപാടുകൾ 13,600ൽ നിന്ന് 17,200 ആയി ഉയർന്നു. 2026ൽ 184 വ്യാപാരദിവസങ്ങളാണ് ഉണ്ടായിരുന്നത്. 2025ൽ ഇത് 188 ദിവസമായിരുന്നു.
ഈ കാലയളവിൽ 55,460 പുതിയ നിക്ഷേപകരെ ഡി.എഫ്.എം ആകർഷിച്ചു. പുതിയ രജിസ്ട്രേഷനുകളിൽ 72 ശതമാനവും രാജ്യാന്തര നിക്ഷേപകരുടേതാണ്. ഇതോടെ വിപണിയിലെ ആകെ നിക്ഷേപകരുടെ എണ്ണം 13 ലക്ഷത്തിലധികമായി.
ആകെ വ്യാപാരമൂല്യത്തിൽ സ്ഥാപന നിക്ഷേപകരുടെ പങ്ക് 2025ലെ 70 ശതമാനത്തിൽ നിന്ന് 73 ശതമാനമായി ഉയർന്നു. വിദേശ നിക്ഷേപകർ വ്യാപാരത്തിന്റെ 51 ശതമാനവും നിർവഹിച്ചു. വിപണിയുടെ ആകെ മൂലധനവൽക്കരണത്തിൽ വിദേശ ഉടമസ്ഥാവകാശം 19 ശതമാനവും സ്ഥാപന നിക്ഷേപകരുടെ ഉടമസ്ഥാവകാശം 86.5 ശതമാനവുമാണ്.
ഡിജിറ്റൽ നിക്ഷേപ സൗകര്യങ്ങൾ വിപുലീകരിച്ചു
യു.എ.ഇ ധനകാര്യ മന്ത്രാലയം ആദ്യമായി അവതരിപ്പിച്ച റീട്ടെയിൽ സുകൂക്കിൽ നിക്ഷേപിക്കാൻ ഡി.എഫ്.എം സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോം, ഡി.എഫ്.എം ആപ്പ്, ഐവെസ്റ്റർ ആപ്പ് എന്നിവ വഴി റീട്ടെയിൽ നിക്ഷേപകർക്ക് സൗകര്യമൊരുക്കി. സർക്കാർ പിന്തുണയുള്ളതും ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നതുമായ സ്ഥിരവരുമാന നിക്ഷേപ പദ്ധതിയിലേക്ക് നേരിട്ട് ഡിജിറ്റൽ മാർഗത്തിലൂടെ പ്രവേശനം നൽകുകയായിരുന്നു ലക്ഷ്യം.
2026 ജൂലൈ 2ന് നാസ്ഡാക് ദുബായിൽ ലിസ്റ്റ് ചെയ്ത സുകൂക്കിൽ ഡി.എഫ്.എം സംവിധാനങ്ങളിലൂടെ 18,000ത്തിലധികം നിക്ഷേപകർ പങ്കെടുത്തു.
സെപ്റ്റംബറിൽ രണ്ട് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം സംയോജനങ്ങളും ഡി.എഫ്.എം നടപ്പാക്കി. ബറാക്ക ഇൻവെസ്റ്റ്മെന്റ് ആപ്പിലെ യോഗ്യരായ ഉപയോക്താക്കൾക്ക് ഇനി ഡി.എഫ്.എമ്മിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ ദിർഹത്തിൽ നേരിട്ട് വാങ്ങാം.
ഡി.എഫ്.എം, ദുബായ് സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി എന്നിവയുമായി സഹകരിച്ച് ഇ.എഫ്.ജി ഹെർമിസ് വൺ ആപ്പിലൂടെയും പൂർണമായും ഡിജിറ്റൽ രീതിയിൽ നിക്ഷേപക രജിസ്ട്രേഷനും വ്യാപാര അക്കൗണ്ട് തുറക്കലും ആരംഭിച്ചു. മൊബൈൽ ആപ്പ് വഴി തന്നെ ഡി.എഫ്.എം നിക്ഷേപക നമ്പർ നേടാനും ഇതിലൂടെ സാധിക്കും.
വിപണിയുടെ വളർച്ച ലക്ഷ്യമിട്ട് ഡി.എഫ്.എം
ദുബായുടെ മൂലധന വിപണിയുടെ വളർച്ചയ്ക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക, വ്യാപാര ഇടപാടുകളുടെ സജീവത വർധിപ്പിക്കുക, വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപ ഉൽപ്പന്നങ്ങളുടെ ശ്രേണിയും വിപുലീകരിക്കുക എന്നിവയ്ക്കാണ് ഡി.എഫ്.എം ഇനി മുൻഗണന നൽകുന്നത്.
ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിന്റെ ചെയർമാൻ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു: “2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ ആകെ വ്യാപാരമൂല്യത്തിലുണ്ടായ 22 ശതമാനം വളർച്ച നിക്ഷേപകരുടെ തുടർച്ചയായ പങ്കാളിത്തത്തെയും ദുബായുടെ മൂലധന വിപണിയുടെ വളർച്ചയെയും വ്യക്തമാക്കുന്നു. ദുബായുടെ ശക്തമായ സാമ്പത്തിക അടിത്തറയും വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയുമാണ് ഇതിന് പിന്തുണ നൽകുന്നത്. സുതാര്യവും സജീവവും ആഗോള വിപണികളുമായി ബന്ധിപ്പിക്കപ്പെട്ടതുമായ മൂലധന വിപണി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.”
ഡി.എഫ്.എം, നാസ്ഡാക് ദുബായ് എന്നിവയുടെ സി.ഇ.ഒ ഹമദ് അലി പറഞ്ഞു: “യു.എ.ഇയിലെയും വിദേശത്തെയും നിക്ഷേപകർക്ക് വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. 13 ലക്ഷത്തിലധികം നിക്ഷേപകരുള്ള വിപണിയിൽ സ്ഥാപന, രാജ്യാന്തര നിക്ഷേപകരുടെ പങ്കാളിത്തം വർധിക്കുന്നത് വിപണിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്. പുതിയ ലിസ്റ്റിങ്ങുകളെ പിന്തുണയ്ക്കുന്നതിനും വിപണിയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും ഞങ്ങൾ തുടർന്നും ശ്രദ്ധ നൽകും.”

Great vibe and the games are always updated. I appreciate the transparency with the odds. bd8e884 is a winner in my book.