ദുബായ്,ഒക്ടോബർ 30,2026: പാം ജുമൈറയിൽ രണ്ട് പുതിയ നടപ്പാലങ്ങളുടെ നിർമാണം ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബായ് ഹോൾഡിങ് കമ്മ്യൂണിറ്റി മാനേജ്മെന്റും. ഷോർലൈൻ, ഗോൾഡൻ മൈൽ മേഖലകളിലാണ് പാലങ്ങൾ നിർമിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മണിക്കൂറിൽ 2,700 പേർക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് രണ്ട് പാലങ്ങളും രൂപകൽപ്പന ചെയ്യുന്നത്. ഏകദേശം 16,000 താമസക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പാലങ്ങൾ പൂർത്തിയാകുന്നതോടെ സമീപത്തെ ജങ്ഷനുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 50 ശതമാനം വരെ കുറയുമെന്നും യാത്രാസമയം ലാഭിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. പാം ജുമൈറയുടെ പ്രവേശന ഭാഗത്തുള്ള ഇൻബൗണ്ട് പാതയിലാണ് ഷോർലൈൻ പാലം നിർമിക്കുന്നത്. 2027 ജൂണിൽ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുറത്തേക്കുള്ള ഔട്ട്ബൗണ്ട് പാതയിലെ ഗോൾഡൻ മൈലിലുള്ള രണ്ടാമത്തെ പാലം 2027 ഒക്ടോബറിൽ പൂർത്തിയാകും. ഓരോ പാലത്തിനും 40 മീറ്റർ നീളമുണ്ടാകും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമാണം. ലിഫ്റ്റുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. നിർമാണകാലയളവിൽ ഗതാഗതം സുഗമമായി നിലനിർത്താൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും.
റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ
ദുബായ് ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 2007 മുതൽ 2025 വരെ കാൽനടയാത്രക്കാരുടെ മരണനിരക്കിൽ 98 ശതമാനം കുറവുണ്ടായതായി ആർ.ടി.എ അറിയിച്ചു. 2006-ൽ ദുബായിൽ 26 നടപ്പാലങ്ങളും അടിപ്പാതകളുമുണ്ടായിരുന്നത് 2025 അവസാനത്തോടെ 178 ആയി ഉയർന്നു. ഏകദേശം 585 ശതമാനമാണ് വർധന. ഗതാഗതത്തെയും സ്ഥലത്തിന്റെ ഉപയോഗത്തെയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പാലങ്ങളുടെ സ്ഥാനം തീരുമാനിച്ചത്. നിലവിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം, ഭാവിയിലെ ആവശ്യങ്ങൾ, പാം ജുമൈറയുടെ വളർച്ച എന്നിവയും പരിഗണിച്ചിട്ടുണ്ട്.
ദുബായ് ഹോൾഡിങ്ങും ആർ.ടി.എയും തമ്മിലുള്ള പങ്കാളിത്തം
ദുബായിലെ ദുബായ് ഹോൾഡിങ്ങിന്റെ വിവിധ വികസനമേഖലകളിൽ റോഡ് ശൃംഖലയും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 2025 മാർച്ചിലാണ് ആർ.ടി.എയും ദുബായ് ഹോൾഡിങ്ങും കരാറിൽ ഒപ്പുവെച്ചത്. 15 മേഖലകളിലെയും വികസനപദ്ധതികളിലെയും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. പാം ജുമൈറയിലെ പദ്ധതിയിൽ രണ്ട് നടപ്പാലങ്ങൾക്ക് പുറമെ ആറ് ഇടങ്ങളിൽ വാഹനങ്ങൾക്ക് വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള അധിക പാതകളും നിർമിക്കും. നിലവിലുള്ള റോഡ് മുറിച്ചുകടക്കൽ സംവിധാനങ്ങൾക്ക് പകരമായാണ് നടപ്പാലങ്ങൾ ഒരുക്കുന്നത്. പൊതുമേഖലയും സ്വകാര്യ മേഖലയുമൊന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ ദുബായിലെ ഗതാഗത ശൃംഖലയും അടിസ്ഥാനസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
