ദുബായ്,നവംബർ 16,2026: ബിസിനസ് മേഖലയിലെ ഗുണനിലവാരവും സ്ഥാപനങ്ങളുടെ പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിനായി ‘ക്വാളിറ്റി പെർഫോമൻസ് ലാബ്’ പരിപാടി സംഘടിപ്പിച്ച് ദുബായ് ചേംബേഴ്സ്. നൂതന പഠനരീതികളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും കമ്പനികളുടെ പ്രവർത്തനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ലോക ഗുണനിലവാര വാരാചരണത്തിന്റെ ഭാഗമായി 2026ൽ ചാർട്ടേഡ് ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CQI) യുഎഇ നെറ്റ്വർക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങളും മികച്ച പ്രവർത്തനരീതികളും കമ്പനികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക, പ്രവർത്തനരംഗത്തെ വെല്ലുവിളികൾ നേരിടാനുള്ള ശേഷി വർധിപ്പിക്കുക, മത്സരക്ഷമതയും സുസ്ഥിര വളർച്ചയും ഉറപ്പാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ബിസിനസ് മേഖലയിലെ 70 പ്രതിനിധികളും ഗുണനിലവാരം, പ്രവർത്തന നിയന്ത്രണം, ഉപഭോക്തൃ അനുഭവം, തന്ത്രപരമായ ആസൂത്രണം, പ്രകടന വിലയിരുത്തൽ തുടങ്ങിയ മേഖലകളിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. യഥാർഥ ബിസിനസ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലൂടെയാണ് പരിശീലനം നടന്നത്. ഗുണനിലവാരവും സ്ഥാപന മികവും വളർത്തുന്നത് കമ്പനികളുടെ മത്സരക്ഷമതയും സുസ്ഥിര വളർച്ചയും ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് ദുബായ് ചേംബേഴ്സിലെ കൊമേഴ്സ്യൽ ആൻഡ് കോർപ്പറേറ്റ് സർവീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ജർവാൻ പറഞ്ഞു. പ്രവർത്തനക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത പ്രഭാഷണങ്ങളിൽനിന്ന് വ്യത്യസ്തമായി, സംഘങ്ങളായി തിരിഞ്ഞ് യഥാർഥ ബിസിനസ് സാഹചര്യങ്ങൾ വിശകലനം ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി. പ്രവർത്തനത്തിലെ പ്രശ്നങ്ങൾ കണ്ടെത്തുക, അവയുടെ അടിസ്ഥാന കാരണങ്ങൾ തിരിച്ചറിയുക, പരിഹാരങ്ങൾ നിർദേശിക്കുക, മാറ്റങ്ങളുടെ ഫലം അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികൾ ഏർപ്പെട്ടു.
ഉപഭോക്തൃ അനുഭവം, പ്രവർത്തനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാര സംസ്കാരം, ബിസിനസിലെ സ്വാധീനം എന്നീ നാല് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. അപ്രതീക്ഷിതമായി അവതരിപ്പിച്ച ബിസിനസ് സാഹചര്യങ്ങളിലൂടെ വിശകലനം, പ്രശ്നപരിഹാരം, തീരുമാനമെടുക്കൽ തുടങ്ങിയ കഴിവുകളും പങ്കാളികൾക്ക് പ്രയോഗിക്കേണ്ടിവന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും പ്രവർത്തനച്ചെലവും സമയവും നിയന്ത്രിക്കുകയും തുടർച്ചയായ പുരോഗതിയുടെ സംസ്കാരം വളർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പരിപാടി ചൂണ്ടിക്കാട്ടി.
