ദുബായ്, നവംബർ 4, 2026: മരുന്ന് ഉപയോഗിച്ച ശേഷം പാർശ്വഫലമെന്ന് സംശയിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ രോഗികളെയും അവരെ പരിചരിക്കുന്നവരെയും ആരോഗ്യപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കാൻ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) ക്യാമ്പയിൻ ആരംഭിച്ചു. അഞ്ച് ആരോഗ്യ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ‘സ്പീക്ക് അപ്പ്, സ്റ്റേ സേഫ്’ ക്യാമ്പയിൻ നവംബർ 2 മുതൽ 8 വരെയുള്ള ആഗോള മെഡ്സേഫ്റ്റി വീക്കിന്റെ ഭാഗമാണ്.
‘ഇഡിഇ ദേവ’ വഴി പൊതുജനങ്ങൾക്കും റിപ്പോർട്ട് നൽകാം
മരുന്നുകളോ മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങളോ ഉപയോഗിച്ച ശേഷം പാർശ്വഫലമെന്ന് സംശയിക്കുന്ന പ്രശ്നങ്ങൾ ‘ഇഡിഇ ദേവ’ (EDE DAWA) എന്ന സ്മാർട്ട് ടൂൾ വഴി അറിയിക്കാം. ഉപ്സാല മോണിറ്ററിങ് സെന്ററുമായി ചേർന്ന് വികസിപ്പിച്ച ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകൾ വിലയിരുത്തലിനായി വിദഗ്ധർക്ക് കൈമാറും.
അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ പങ്കാളികൾ
യുഎഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദാബി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയാണ് ക്യാമ്പയിനിൽ ഇഡിഇയുടെ പങ്കാളികൾ. ഉപ്സാല മോണിറ്ററിങ് സെന്റർ ഏകോപിപ്പിക്കുന്ന മെഡ്സേഫ്റ്റി വീക്കിന്റെ പതിനൊന്നാം പതിപ്പാണിത്.
വിദ്യാർഥികൾക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം
യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ ബോധവൽക്കരണ സെഷനുകൾ നടത്തും. ഔദ്യോഗിക സംവിധാനങ്ങളിലൂടെ പാർശ്വഫലങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും. മരുന്നുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്കായി ഓൺലൈൻ വർക്ക്ഷോപ്പുകളും ഔഷധ കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കാൻ പ്രത്യേക വെബിനാറും സംഘടിപ്പിക്കും.
റിപ്പോർട്ടുകൾ കൂടുതൽ അന്വേഷണത്തിന് സഹായിക്കും
വിപണിയിലെത്തിയ ശേഷവും മരുന്നിന്റെ സുരക്ഷ നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഇഡിഇയിലെ മെഡിക്കൽ പ്രോഡക്ട്സ് റെഗുലേഷൻ സെക്ടർ ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റുഖയ്യ അഖീൽ അൽ ബസ്തകി പറഞ്ഞു. പാർശ്വഫലമെന്ന് സംശയിച്ച് നൽകുന്ന റിപ്പോർട്ടുകൾ മറ്റ് ശാസ്ത്രീയ തെളിവുകൾക്കൊപ്പം വിലയിരുത്തും. കൂടുതൽ അന്വേഷണം ആവശ്യമുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും ഉചിതമായ നടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
സുരക്ഷാ നിരീക്ഷണത്തിന് ദേശീയ മാർഗരേഖ
വിപണനാനുമതി ലഭിച്ച മരുന്നുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനുള്ള ദേശീയ മാർഗരേഖയ്ക്ക് ഇഡിഇ കഴിഞ്ഞ ജൂലൈയിൽ അംഗീകാരം നൽകിയിരുന്നു. ഇഡിഇ ഡയറക്ടർ ബോർഡ് ചെയർമാന്റെ 2026ലെ 27-ാം നമ്പർ തീരുമാനപ്രകാരമുള്ള മാർഗരേഖയിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും സുരക്ഷാ വിവരങ്ങൾ നിരീക്ഷിക്കാനും അപകടസാധ്യതകൾ കൈകാര്യം ചെയ്യാനുമുള്ള വ്യവസ്ഥകളും വ്യക്തമാക്കിയിട്ടുണ്ട്.
