ദുബായ്, നവംബർ 4, 2026: ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ സ്ലോ ലെയ്നുകളിലായി ആകെ 20 കിലോമീറ്റർ ദൂരത്തെ അറ്റകുറ്റപ്പണിയും നവീകരണവും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതോടെ പ്രധാന റോഡുകളിലും ഹൈവേകളിലും കേടുപാടുകൾ തടയാനുള്ള വാർഷിക പരിപാലന പദ്ധതി പൂർത്തിയായതായി നവംബർ 3ന് പുറത്തിറക്കിയ അറിയിപ്പിൽ ആർടിഎ വ്യക്തമാക്കി.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇരുദിശകളിലും പ്രവൃത്തി
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ഭാഗത്തേക്കും ഷാർജ ഭാഗത്തേക്കുമുള്ള സ്ലോ ലെയ്നുകളിൽ പ്രവൃത്തി നടത്തി. ലഹ്ബാബ് റോഡിൽ അൽ ഐനിൽനിന്ന് ലഹ്ബാബിലേക്കുള്ള ഫ്രീ ഫ്ലോ ലെയ്നും ജബൽ അലി–ലഹ്ബാബ് ഇന്റർചേഞ്ചിൽ വാഹനങ്ങൾ തിരിയാനുള്ള ലെയ്നുകളും പദ്ധതിയിൽ ഉൾപ്പെട്ടു. ദുബായ്–അൽ ഐൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ റിബാത്ത് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സ്ലോ ലെയ്നുകളിലും അറ്റകുറ്റപ്പണി നടത്തി.
വിള്ളലുകളും കുഴികളും കണ്ടെത്താൻ ലേസറും നിർമിതബുദ്ധിയും
ലേസർ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഉപയോഗിച്ച് റോഡുകൾ പരിശോധിക്കുന്നതായി ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ നബീൽ മുഹമ്മദ് പറഞ്ഞു. റോഡിലെ വിള്ളലുകളും കുഴികളും മറ്റ് കേടുപാടുകളും കണ്ടെത്തി അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഗതാഗതം തിരിച്ചുവിടുന്നിടത്ത് ദിശാസൂചകങ്ങൾ പാലിക്കണം
അറ്റകുറ്റപ്പണി നടക്കുമ്പോൾ ഗതാഗതം സുഗമമായി തുടരാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിശദമായ പഠനത്തിനു ശേഷമാണ് വഴിതിരിച്ചുവിടൽ ക്രമീകരിക്കുന്നതെന്ന് നബീൽ മുഹമ്മദ് പറഞ്ഞു. ഇത്തരം ഭാഗങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ദിശാസൂചക ബോർഡുകളിലെ നിർദേശങ്ങൾ അനുസരിക്കണമെന്നും ആർടിഎ ആവശ്യപ്പെട്ടു.
