ദുബായ്,സെപ്റ്റംബർ 17,2026 : അബുദാബിക്കും ഷാർജയ്ക്കുമിടയിലെ ഗതാഗതബന്ധം കൂടുതൽ ശക്തമാക്കാൻ ദുബായിൽ പുതിയ നാലാം കോറിഡോർ വരുന്നു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് അംഗീകാരം നൽകി. അബുദാബിയിലെ അൽ ഫയ റോഡിൽനിന്ന് ഷാർജയിലെ അൽ ഷനൂഫ് റോഡിലേക്കാണ് ഏകദേശം 80 കിലോമീറ്റർ നീളുന്ന ന്യൂ ഫോർത്ത് കോറിഡോർ. രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം.
ആദ്യഘട്ടത്തിൽ ഷാർജയിലെ അൽ ഷനൂഫ് റോഡിൽനിന്ന് ദുബായ്–അൽ ഐൻ റോഡ് വരെ ഏകദേശം 30 കിലോമീറ്റർ റോഡ് നിർമിക്കും. ഏകദേശം 3.5 ബില്യൺ ദിർഹം ചെലവുവരുന്ന ഈ ഘട്ടത്തിൽ ഇരുദിശകളിലുമായി 12 ലെയിൻ പാതയുണ്ടാകും. മണിക്കൂറിൽ 24,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന പാതയിൽ യാത്രാസമയം 35 മിനിറ്റിൽനിന്ന് 14 മിനിറ്റായി കുറയും. ആദ്യഘട്ടം ഏകദേശം 6 ലക്ഷം പേർക്ക് ഗുണം ചെയ്യും. 55 ലെയിൻ കിലോമീറ്റർ റോഡുകൾ, 2.5 കിലോമീറ്റർ തുരങ്കങ്ങൾ, 21 കിലോമീറ്റർ പാലങ്ങളും റാംപുകളും ഇതിന്റെ ഭാഗമാകും. ദുബായ്–അൽ ഐൻ റോഡിൽ എമിറേറ്റ്സ് റോഡിനും ലെഹ്ബാബ് റോഡിനുമിടയിൽ ഇരുദിശകളിലുമുള്ള പാതകൾ മൂന്നിൽനിന്ന് നാലായി ഉയർത്തുകയും നാല് പ്രധാന ജങ്ഷനുകൾ നവീകരിക്കുകയും ചെയ്യും.
രണ്ടാംഘട്ടത്തിൽ ദുബായ്–അൽ ഐൻ റോഡിൽനിന്ന് അബുദാബിയിലെ അൽ ഫയ റോഡ് വരെ 50 കിലോമീറ്റർ പാത നിർമിക്കും. ഇതിലും ഇരുദിശകളിലുമായി 12 ലെയിനുകളും മണിക്കൂറിൽ 24,000 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. യാത്രാസമയം 50 മിനിറ്റിൽനിന്ന് 24 മിനിറ്റായി കുറയ്ക്കുകയാണ് ലക്ഷ്യം. ഏകദേശം 31 ലക്ഷം പേർക്ക് ഈ ഘട്ടത്തിന്റെ പ്രയോജനം ലഭിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ 72 പാലങ്ങളും 17 തുരങ്കങ്ങളും 45 മഴവെള്ള ഡ്രെയിനേജ് കൾവെർട്ടുകളും ഉൾപ്പെടുന്ന വിപുലമായ റോഡ് ശൃംഖലയാകും നിലവിൽ വരിക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അൽ മർമൂം മരുഭൂമി സംരക്ഷിത മേഖല, അൽ വഹൂഷ് മരുഭൂമി സംരക്ഷിത മേഖല, ഇത്തിഹാദ് റെയിൽ പാത എന്നിവയുമായി കോറിഡോർ ബന്ധിപ്പിക്കും.
ഷെയ്ഖ് സായിദ് റോഡ് , അൽ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്ക് പിന്നാലെ യുഎഇ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന നാലാമത്തെ തന്ത്രപ്രധാന കോറിഡോറായിരിക്കും ഇത്. ട്രക്കുകൾ ഉൾപ്പെടെയുള്ള ദീർഘദൂര ഗതാഗതം നഗരമേഖലകളിൽനിന്ന് തിരിച്ചുവിടുന്നതിലൂടെ നിലവിലെ പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷയും ഗതാഗതപ്രവാഹവും മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
