അക്ഷരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം : ദുബായിൽ പുസ്തകമേള മാർച്ച് 8 വരെ

ദുബായ് : ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്ന് ബിഗ് ബാഡ് വൂൾഫ് ഒരുക്കുന്ന പുസ്തകമേള ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ ആരംഭിച്ചു. മാർച്ച് 8 വരെയുള്ള മേളയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങൾ 95% വരെ വിലക്കുറവിൽ ലഭിക്കും. 2 ദിർഹം മുതലാണു വില ആരംഭിക്കുന്നത്. പ്രവേശനം സൗജന്യം. റമസാൻ മാസത്തിൽ നടക്കുന്ന മേള കുടുംബങ്ങൾക്ക് ഒരുമിച്ച് ഗുണപ്രദമായ സമയം ചെലവഴിക്കാനുള്ള അവസരം കൂടിയാണെന്നു സംഘാടകർ പറഞ്ഞു.എല്ലാവർക്കും വായന സാധ്യമാക്കുക, പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഓരോ വ്യക്തിയും പുസ്തകം കൈവശമാക്കുക എന്നതാണ് മേളയുടെ അടിസ്ഥാന ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ ബിഗ് ബാഡ് വുൾഫ് സ്ഥാപകൻ ആൻഡ്രൂ യാപ് പറഞ്ഞു. എല്ലാ സാഹിത്യ ശാഖകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ശീർഷകങ്ങൾ മേളയിലുണ്ട്. “ബിയോണ്ട് ദ് നോയിസ്” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഡിജിറ്റൽ ഉപഭോഗത്തിൽ വായനയിലേക്കുള്ള മടങ്ങിവരവാണു മേളയുടെ ആശയം.
വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതൽ പ്രധാന്യം കൊടുക്കുക, വിദ്യാർഥി സമൂഹത്തിന് വലിയ പിന്തുണ നൽകുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ ഇംഗ്ലിഷ് പുസ്തകങ്ങൾക്കും 5 % അധികം വിലക്കുറവ് ലഭിക്കും. ഇതിനായി വിദ്യാർഥികളും അധ്യാപകരും സ്കൂളുകളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. കുറഞ്ഞ ചെലവിൽ വീടുകളിലോ സ്ഥാപനങ്ങളിലോ ലൈബ്രറികൾ തയാറാക്കുന്നവർക്കും നിലവിലെ ലൈബ്രറികൾ വികസിപ്പിക്കുന്നവർക്കും പഠന സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും ബിഗ് ബാഡ് വുൾഫ് വലിയ പിന്തുണ നൽകുന്നു.

രാവിലെ 10 മുതൽ പുലർച്ചെ 2 വരെയാണ് പ്രദർശനം. സന്ദർശകർക്ക് ഇഫ്താർ നിർവഹിക്കാൻ വേണ്ടി രാജ്യാന്തര മെനുകളുമായി ഫൂഡ് ട്രക്കുകൾ, വിശാലമായ പ്രാർഥനാ ഇടങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വായനാ ഇടങ്ങൾ, മുതിർന്നവർക്കും, കുട്ടികൾമായി വിവിധ ക്രിയാത്മക, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ, രചന, കഥപറയൽ വർക്ക് ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്.‘

സ്റ്റേജ് റൈറ്റ് 2026’ എന്ന 48 മണിക്കൂർ നാടക രചന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നു രാവിലെ 10 മുതൽ 12 വരെ ഇതിന്റെ റജിസ്ട്രേഷൻ നടക്കും. പങ്കെടുക്കുന്നവർ വേദിയിൽ തന്നെ കഥാപാത്രങ്ങളും സാഹചര്യങ്ങളും തിരഞ്ഞെടുക്കുകയും 48 മണിക്കൂറിനുള്ളിൽ 10 മിനിറ്റ് ദൈർഘ്യമുള്ള നാടകസ്ക്രിപ്റ്റ് സമർപ്പിക്കുകയും വേണം.

വിജയിക്കുന്ന രചനയ്ക്ക് 500 ദിർഹം കാഷ് വൗച്ചറും ദുബായിലെ ദ് ജംക്‌ഷൻ നാടകവേദിയുടെ സഹകരണത്തോടെ എക്സ് ഫെസ്റ്റ് 2026ൽ ലൈവ് നാടകാവതരണത്തിനുള്ള അവസരവും ലഭിക്കും.

Share this:

അക്ഷരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം : ദുബായിൽ പുസ്തകമേള മാർച്ച് 8 വരെ

Share this:

Related to this topic: