ഷാർജ∙ മുവൈലയിൽ പുതുതായി ആരംഭിച്ച ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ മെയ് 31-ാം തീയതി വരെ പൊതുജനങ്ങൾക്ക് എല്ലാ ഡോക്ടർമാരുടെയും സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ സംരംഭത്തിന്റെ ഭാഗമായാണ് ഒപി സേവനം സൌജന്യമാക്കിയത്. ഇതോടൊപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിലും ലഭ്യമാക്കിയിട്ടുണ്ട്.
മുവൈലയിൽ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന നാല് മെഡിക്കൽ സെന്ററുകളുടെ വിശ്വാസ്യതയും സേവന പാരമ്പര്യവും മുൻനിർത്തിയാണ് പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഈ പുതിയ മെഡിക്കൽ സെന്റർ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. എല്ലാ വിഭാഗം ആളുകൾക്കും താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സാ സേവനങ്ങൾ വേഗത്തിലും കൃത്യതയോടെയും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ, റേഡിയോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇന്റേണൽ മെഡിസിൻ, ലാബ്, ഡെർമറ്റോളജി, എസ്തെറ്റിക് ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി തുടങ്ങിയ സമഗ്രമായ വിഭാഗങ്ങളിലായി 22 വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ എല്ലാ പ്രമുഖ ഇൻഷുറൻസ് കാർഡുകളും ഇവിടെ സ്വീകരിക്കും. ഇൻഷുറൻസ് അപ്രൂവലുകൾ വേഗത്തിലാക്കാൻ ആധുനിക സാങ്കേതികവിദ്യയാണ് സജ്ജമാക്കിയിരിക്കുന്നത്. ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലായി 12 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഗ്രൂപ്പിന് കീഴിൽ യുഎഇയിലുടനീളം മെഡിസിൻ ഡിസ്ട്രിബ്യൂഷൻ നടത്തുന്ന ‘സെഡ് ഫാർമ’ എന്ന സ്ഥാപനവുമുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഗ്രൂപ്പ് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി മെഡിക്കൽ ബോധവൽക്കരണ ക്യാംപുകളും ഹെൽത്ത് ചെക്കപ്പുകളും നടത്തിവരുന്നു. കോവിഡ്, പ്രളയ സമയങ്ങളിൽ ഭരണാധികാരികളിൽ നിന്നും സർക്കാരിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് മാനേജ്മെന്റ് നന്ദി അറിയിച്ചു. നിരവധി ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ ഏറ്റവും വലിയ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.

