ദുബായ് , ഓഗസ്റ്റ് 12 2026 : റോഡ് നെറ്റ്വർക്ക് ആസറ്റ് കണ്ടീഷൻ ഇൻഡക്സിൽ ദുബായ് ആർ ടി എ യുടെ 95 ശതമാനം റോഡ് ആസ്തികളും മികച്ച നിലവാരത്തിലുള്ളതെന്ന് കണ്ടെത്തി. റോഡ് ആസ്തികളുടെ പരിപാലനത്തിലും സുസ്ഥിരതയിലും ആർ.ടി.എയുടെ മികവ് വ്യക്തമാക്കുന്നതാണ് നേട്ടം.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് റോഡ് നെറ്റ്വർക്ക് ആസറ്റ് കണ്ടീഷൻ ഇൻഡക്സിൽ ആഗോള തലത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തിയത്. റോഡുകളുടെ കൃത്യമായ വിലയിരുത്തൽ, പ്രതിരോധ പരിപാലനം, മുൻകരുതൽ അറ്റകുറ്റപ്പണികൾ എന്നിവയാണ് റോഡ് ആസ്തികളുടെ നിലവാരം ഉയർത്തുന്നതിൽ നിർണായകമായത്.
റോഡ് ആസ്തികളുടെ സമഗ്രമായ കവറേജ്, അംഗീകരിച്ച ക്വാണ്ടിറ്റേറ്റീവ് രീതിയിലുള്ള ഇൻഡക്സ് കണക്കുകൂട്ടൽ, LiDAR, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേറ്റഡ് ഡാറ്റ എക്സ്ട്രാക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയാണ് ആർ.ടി.എയുടെ പ്രധാന നേട്ടങ്ങൾ.
ദുബായിലെ മുഴുവൻ റോഡ് ശൃംഖലയിലും വർഷംതോറും ആസ്തികളുടെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഈ വിവരങ്ങൾ ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റമായ ജി.ഐ.എസുമായി സംയോജിപ്പിച്ചാണ് ഉപയോഗിക്കുന്നത്.
റോഡ് നെറ്റ്വർക്ക് ആസറ്റ് കണ്ടീഷൻ ഇൻഡക്സ് വഴി ഓരോ റോഡ് ഘടകത്തിന്റെയും ഘടനാപരവും പ്രവർത്തനപരവുമായ നിലവാരം 0 മുതൽ 100 വരെ സ്കോറിലാണ് വിലയിരുത്തുന്നത്. കേടുപാടുകളുടെ തോത്, തകർച്ചയുടെ ഗുരുതരാവസ്ഥ തുടങ്ങിയവ പരിശോധിച്ചാണ് സ്കോർ നിശ്ചയിക്കുന്നത്. ഇതുവഴി ഏത് ആസ്തിക്കാണ് ആദ്യം അറ്റകുറ്റപ്പണി ആവശ്യമെന്ന് കൃത്യമായി കണ്ടെത്താനും പരിപാലന ചെലവ് നിയന്ത്രിക്കാനും സാധിക്കും.
ലോകത്തെ പ്രമുഖ റോഡ്-ഗതാഗത സ്ഥാപനങ്ങളുടെ രീതികൾ പഠിച്ചാണ് ആർ.ടി.എ സ്വന്തം ആസറ്റ് കണ്ടീഷൻ ഇൻഡക്സ് വികസിപ്പിച്ചത്. അമേരിക്കയിലെ കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഗതാഗത വകുപ്പുകൾ, ഓസ്ട്രേലിയയിലെ ഓസ്ട്രോഡ്സ്, ചൈന, സിംഗപ്പൂർ, ജപ്പാൻ, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ മികച്ച രീതികളും ഇതിനായി പരിഗണിച്ചു.
റോഡ് ശൃംഖലയിലെ 38-ലേറെ വിഭാഗങ്ങളിലുള്ള ആസ്തികൾ പരിശോധിക്കാൻ ആർ.ടി.എ LiDAR സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ട്രാഫിക് സിഗ്നലുകൾ, റോഡ് അടയാളങ്ങൾ, സുരക്ഷാ ബാരിയറുകൾ, ലൈറ്റിംഗ് പോളുകൾ, റോഡ് ഉപരിതലം, ഫെൻസിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പരമ്പരാഗത ദൃശ്യ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ LiDAR പരിശോധനയ്ക്ക് 95 ശതമാനം വരെ കൃത്യത കൈവരിക്കാനാകുമെന്നാണ് ആർ.ടി.എയുടെ വിലയിരുത്തൽ. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെ തന്നെ പരിശോധന നടത്തുന്നതിനാൽ റോഡ് അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയും.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും മുൻകരുതൽ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും റോഡ് ശൃംഖലയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
